ടുണീഷ്യയിലെ പെണ്ണുങ്ങൾ
ടുണീഷ്യയിലെ പെണ്ണുങ്ങൾ
ലോക സാഹിത്യത്തിൽ എന്നും മികച്ച് നിൽക്കുന്ന സാഹിത്യ ശാഖകളിലെ പ്രധാനിയാണ് അറബി സാഹിത്യം. ജാഹിലിയ്യ കാലഘട്ടത്തിലെ ഉംറുൽ ഖൈസ്സിനെ പോലെയുള്ള പ്രമുഖരുടെ കവിതകളിലൂടെ കടന്ന് വന്ന്, ഇസ്ലാമിക കാലഘട്ടത്ത് ജീവിച്ച ഹസ്സാനുബ്നു സാബിത്തിനെ പോലെയുള്ള പ്രമുഖ കവികളിലൂടെ, അമവി, അബ്ബാസി കാലഘട്ടങ്ങളിലെ മികവാർന്ന എഴുത്തുകാരിലൂടെ മനോഹരമാണ് ഇന്നും അറബി സാഹിത്യം. മോഡേൺ അറബി സാഹിത്യത്തിൽ ഏറ്റവും നിർണ്ണായക സ്ഥാനമാണ് മഗ്രിബ് പ്രദേശങ്ങൾക്കും മഗ്രിബ് സാഹിത്യത്തിനും ഉള്ളത്. ടുണീഷ്യ, അൾജീരിയ, മൊറോക്കോ എന്നീ മൂന്ന് വടക്കനാഫ്രിക്കൻ നാടുകൾ അറബികളുടെ ഭാഷയിൽ പൊതുവേ മഗ്രിബ് ദേശങ്ങൾ എന്നാണ് അറിയപ്പെടുന്നത്.
മഗ്രിബ് പ്രദേശങ്ങളിലെ ഒരു ചെറിയ രാജ്യമാണ് ടുണീഷ്യ. വടക്കനാഫ്രിക്കയിലെ മെഡിറ്ററേനിയൻ തീരത്തെ ഈ ചെറിയ രാജ്യത്തെ ജനസംഖ്യ ഒരു കോടിയോളം വരും.1881 ൽ ഫ്രഞ്ച് കോളനി ആയിരുന്ന ടുണീഷ്യ 1957 ൽ സ്വാതന്ത്രം നേടി. സമര നായകൻ ഹബീബ് ബൂർഖീബയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാർ അധികാരത്തിൽ വന്നെങ്കിലും പിന്നീട് സൈനുൽ ആബിദീൻ ഭരണം പിടിച്ചെടുത്തു. പിന്നീട് 23 വർഷക്കാലമാണ് അദ്ദേഹത്തിന്റെ സേച്ഛാധിപത്യ ഭരണത്തിന് ടുണീഷ്യക്കാർ സാക്ഷിയായത്. അതിന് അന്ത്യം ഇട്ടുകൊണ്ടാണ് 2010 ഡിസംബർ 17ന് മുഹമ്മദ് ബൂ അസീസിയെന്ന ചെറുപ്പക്കാരൻ പൊതുജന മധ്യത്തിൽ സ്വയം ആത്മഹത്യ ചെയ്തത്. 'അറബ് വസന്തം' എന്ന റിയപ്പെട്ട മധ്യപൂർവ്വേഷ്യയേ ഒന്നടങ്കം പിടിച്ചുകുലുക്കിയ ഇത് പിന്നീട് 'മുല്ലപ്പൂ വിപ്ലവം' എന്ന പേരിൽ അറിയപ്പെട്ടു. തുടർന്ന് ഇലക്ഷനുകളിലൂടെ ഒരു ജനാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ടുണീഷ്യ.
അറബി കഥാ സാഹിത്യത്തിൽ മഗ്രിബ് എഴുത്തുകാർ നേടിയിട്ടുള്ളത് തള്ളിക്കളയാനാവാത്ത സംഭാവനകളാണ്. അൾജീരിയയിലെ എഴുത്തുകാരി അഹ് ലാം മുസ്ത ഗാനമി അവരിൽ പ്രധാനപ്പെട്ടവരാണ്. ആദ്യകാലത്ത് കഥാ രചനകളിൽ ശ്രദ്ധേയരാവുകയും പിന്നീട് നോവലിലേക്ക് തിരിയുകയും ചെയ്ത എഴുത്തുകാരും ഉണ്ട്. അവരിൽ പ്രധാനപ്പെട്ട ഒരാളാണ് അൽ ഹബീബ് അൽ സാലിമി. 1951 ലാണ് ഇദ്ദേഹം ജനിച്ചത്. 1988-ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ജബ ലുൽ അൻസ്' (Goat Mountain) ആണ് സാ ലിമിയുടെ ആദ്യ നോവൽ. അദ്ദേഹത്തിന്റെ രണ്ട് നോവലുകൾ അറബ് ലോകത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ അറബ് ബുക്കർ സമ്മാനത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയിലെത്തിയിട്ടുണ്ട്. 'റവാഇഹു മേരി ക്ലയർ' 2009 ലും 'നിസാ ഉൽ ബസാതീൻ ' 2012 ലും ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിലെത്തി. ആഫ്രിക്കയിൽ ജീവിക്കുമ്പോഴും യൂറോപ്പിന്റെ ഭാഗമാകാൻ കൊതിക്കുന്ന മഗ്രിബ് ജനതയുടെ അഭിലാഷങ്ങളും അതിനെതിരെയുള്ള പ്രതിരോധങ്ങളുമായിരിക്കും ഹബീബ് സാ ലീമിയുടെ നോവലുകൾ പൊതുവായി പറയുന്നത്.
ഹബീബ് സാലിമിയുടെ ഏറ്റവും അധികം വായിക്കപ്പെട്ട നോവലാണ് 'നിസാഉൽ ബസാതീൻ'. 2010 ൽ പുറത്തിറക്കിയ ഈ നോവൽ ' ടുണീഷ്യയിലെ പെണ്ണുങ്ങൾ' എന്ന പേരിൽ അറബിയിൽ നിന്നും മലയാളത്തിലേക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അറബിക്ക് വിഭാഗം മേധാവി ഡോ: എൻ ഷംനാദ് നേരിട്ട് വിവർത്തനം ചെയ്തിട്ടുണ്ട്. ഒരു രാജ്യം എങ്ങനെയാണ് തീവ്രവാദത്തിലേക്ക് വഴിതെറ്റുന്നത് എന്നതിനെക്കുറിച്ച് വലിയൊരു തിരിച്ചറിവ് നൽകുന്ന നോവലാണ് ഇത്.
പാരീസിൽ അധ്യാപകനായ ടുണീഷ്യൻ കുടിയേറ്റക്കാരൻ തൗഫീഖ് വർഷങ്ങൾക്കു ശേഷം ഒരവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ തന്റെ നാട്ടിലും ബന്ധുക്കളിലുമുള്ള മാറ്റം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നു. തലസ്ഥാന നഗരമായ ടുനീസിൽ തന്റെ കുടുംബത്തോടപ്പം താമസിക്കാനാണ് അദ്ദേഹം വരുന്നത്. ഒരേ ദിവസവും അയാൾ കണ്ടുമുട്ടുന്നത് പുതിയ ടുനീഷ്യയെ ആയിരിക്കും. ഈ നോവലിൽ അദ്ദേഹം ചിത്രീകരിക്കുന്നത് സഹോദരൻ കഴിയുന്ന അപ്പാർട്ട്മെൻറിലെ വിവിധ ഫ്ളാറ്റുകളിലും ബസ് സ്റ്റാന്റിലും പള്ളിമുറ്റത്തും ബാങ്കിലും കാപ്പിക്കടകളിലും തീവണ്ടിയിലും ചേരിയിലുമൊക്കെ അയാൾ നേരിടുന്ന മാറ്റങ്ങളെയാണ്. വിപ്ലവ പൂർണ്ണമായ രാജ്യം എത്രത്തോളം അസ്വസ്ഥമാണെന്നാണ് നോവലിലൂടെ എഴുത്തുകാരൻ ചെയ്യുന്നത്. തൊഴിലില്ലായ്മയും മതവൈരവും പോലീസ് അടിച്ചമർത്തലുകളും എത്രത്തോളം സമൂഹത്തിൽ സ്വാധീനം ചെലുത്തിയെന്ന് തൗഫീഖിന്റെ രണ്ടാഴ്ചത്തെ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും കൂടെയുള്ള ജീവിതത്തിലൂടെ മനസ്സിലാക്കുന്നു. നോവലിന്റെ പേരു പോലെ തന്നെ വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങൾ ഇതിൽ പ്രധാനികളാണ്. കുട്ടികൾ വലിയവരെ പോലെ ചിന്തിക്കുന്നതും ആളുകൾ മനസ്സിൽ അസ്വസ്ഥതകൾ കൊണ്ടു നടക്കുന്നതും ഏതു നിമിഷവും അവസരം കിട്ടിയാൽ യൂറോപ്പിലേക്ക് കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്ന ആളുകളെയും കുടിയേറ്റത്തെ വെറുക്കുന്ന ആളുകളേയും എല്ലാം നോവലിസ്റ്റ് വരച്ചു കാട്ടുന്നുണ്ട്. വിപ്ലവാനന്തരം ടുണീഷ്യയിൽ വന്ന മതവൽക്കരണത്തിലുള്ള തന്റെ അസ്വസ്ഥതയാണ് ഈ നോവലിലൂടെ പ്രകടിപ്പിക്കുന്നത്. യൂറോപ്പുമായി ജിയോ -പൊളിറ്റിക്കൽ സാമ്യം ഉള്ളതിനാലും ഫ്രഞ്ച് സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ നിലനിൽക്കുന്നതിനാലും മാറ്റങ്ങൾ അവിടത്തെ ജനതക്ക് വേഗത്തിൽ അംഗീകരിക്കുന്നതിൽ പ്രയാസമുണ്ടാക്കും. വ്യകതികളുടെ അസ്വസ്ഥത സമൂഹത്തെ എങ്ങനെയാണ് വിപ്ലവത്തിലേക്ക് എത്തിക്കുക എന്ന് ലോക ഭൂപടത്തിന് കാണിച്ചു കൊടുത്ത രാജ്യമാണ് ടുണീഷ്യ. അതിന്റെ അനന്തരഫലങ്ങളാണ് ഈജിപ്ത്, യമൻ പോലെയുള്ള രാജ്യങ്ങളിൽ നാം കണ്ടതും, ഇപ്പോൾ നാം സിറിയയിൽ കണ്ടു കൊണ്ടിരിക്കുന്നതും. സമൂഹമാറ്റാത്തിന്റെ വിവിധ തലങ്ങളെ ഒരു കോളനിയിലെ സ്ത്രീകളിലൂടെയും അവരെ ചുറ്റിപ്പറ്റിയുള്ള പുരഷൻമാരിലൂടെയും ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് ഹബീബ് സാലിമി ഈ നോവലിലൂടെ ചെയ്യുന്നത്.
ഹഫീസുദീൻ പി
(അസി: പ്രൊഫ, അറബിക്ക് ഡിപ്പാർട്ട്മെന്റ്)

Comments
Post a Comment