മൗനവും ഒരു നിലപാടാണ്
മൗനവും ഒരു നിലപാടാണ്
പറഞ്ഞത് നോക്കി പ്രതികരിക്കാതെ പറഞ്ഞവരെ നോക്കി പ്രതികരിക്കുന്നവർ, സത്യാവസ്ത മനസ്സിലാക്കാതെ വിവാദങ്ങൾക്കായി കാത്തുനിൽക്കുക തുടങ്ങിയവയാണ് പുതിയ രീതികൾ. വിവാദങ്ങൾ ആളിക്കത്തുന്നതിനേക്കാൾ വേഗത്തിൽ എരിഞ്ഞമരുന്നത് അവ അനാവിശ്യമായിരുന്നു എന്നതിന്റെ തെളിവാണ്. ആവശ്യങ്ങൾക്ക് മാത്രമാണ് സ്ഥിരതയുണ്ടാവുക.
ഒരു പേർഷ്യൻ കഥയുണ്ട്. നന്നായി മഞ്ഞു പെയ്യുന്ന ഒരു തണുത്ത പ്രഭാതം, പണിയായുധങ്ങളുമായി കർഷകൻ പാടത്തേക്ക് പുറപ്പെട്ടു. അപ്പോൾ ദൂരേ ഒരു രൂപം പ്രതീക്ഷപ്പെട്ടു. അടുക്കും തോറും ഒരു മനുഷ്യ രൂപമാണെന്ന് വ്യക്തമായി. ശത്രുവോ കൊള്ളക്കാരനോ ആണെന്ന് കരുതി കർഷകൻ ആയുധങ്ങൾ പിടിമുറുക്കി. അടുത്തെത്തിയാൽ എതിരാളിയെ തകർത്തു തരിപ്പണമാകണം, കർഷകൻ ചിന്തിച്ചു കൂട്ടി. ഇതേ അവസ്ഥ തന്നെയായിരുന്നു എതിർവശത്ത് വരുന്ന ആൾക്കും. പിരിമുറുക്കം കൂടിക്കൊണ്ടേയിരുന്നു. അടുത്ത് എത്തിയപ്പോൾ മുഖം വ്യകതമായി ആയുധങ്ങളിലെ പിടുത്തം അവനറിയാതെ അയഞ്ഞു. അവ നിലത്തു വീണു. തങ്ങൾ സഹോദരങ്ങളാണ് എന്ന് ഇരുവരും തിരിച്ചറിഞ്ഞ നിമിഷം. മഞ്ഞിന്റെ മാറിടത്തിൽ ഇരുവരും ആശ്ലേഷിച്ചു. ഈ കഥക്ക് ഇന്നത്തെ ചുറ്റുപാടിൽ ഒരുപാട് പ്രസക്തിയുണ്ട്.
കുറേ ഉത്തരങ്ങൾ നേരത്തെ ഉണ്ടാക്കി വെച്ച് ആവിശ്യമായ ചോദ്യങ്ങൾ കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ടിവിടെ. അവസരങ്ങൾ ചാടിപ്പിടിച്ച് സാന്നിധ്യം സ്ഥാപിക്കുന്ന ശൈലി. ഒരു വിഷയത്തേക്കുറിച്ച് അധികബോധ്യങ്ങൾക്ക് വേണ്ടിയുള്ള സംവാദങ്ങൾക്ക് പകരമായി സ്വതാൽപര്യങ്ങളെ സംരക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർ. ഏറ്റവും വമ്പിച്ച മൂലധനം അവസരങ്ങളും സമയങ്ങളുമാണ്. അപ്പോൾ മൂല്യമുള്ള മനുഷ്യനാകുന്നതും അത് കൃത്യമായി ഉപയോഗിക്കുമ്പോഴാണ്. പറഞ്ഞു പോയ വാക്കുകളെ പേരിൽ ഖേദിക്കലാണ് മനുഷ്യന്റെ ദൗർബല്യങ്ങളിൽ ഒന്ന്. മനുഷ്യന്റെ വാക്കുകൾ ബുദ്ധിയിൽ നിന്നും ചിന്തയിൽ നിന്നും വരുന്നതാണ്. വെറും ശബ്ദങ്ങളല്ല. ഉരിയാട്ടങ്ങൾ ഉണ്ടാക്കുന്ന ഊരാകുടുക്കിൽ നിന്നും രക്ഷപ്പെടാൻ പറഞ്ഞതിനെ മാറ്റിപ്പറയുന്ന കാലഘട്ടം.
"ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രം വൈകാരികതയാണ്, സംസ്കാരത്തിന്റെ ഉദ്ദേശം വൈകാരികതയിലേക്ക് അവരെ നയിക്കുക എന്നതാണ്. ആൾക്കൂട്ടം വികാരപ്പെടുന്നു, ചിന്തിക്കുന്നില്ല. വ്യക്തി ചിന്തിക്കുന്നു, വികാരപ്പെടുന്നില്ല" എന്ന് തത്വജ്ഞനായ നാടകകൃത്ത് ഷേക്സ്പിയർ ജൂലിയസ് സീസറിലെ കേന്ദ്രകഥാപാത്രത്തിലൂടെ അഭിപ്രായപ്പെട്ടത്. അന്നും ഇന്നും ശരിയാണ്. സാങ്കേതിക പുരോഗതി സൃഷ്ടിക്കുന്നത് സ്വകാര്യ രഹിത സമൂഹമായതിനാൽ കാര്യബോധം കിട്ടാക്കനിയാവുന്നതിന്റെ കാലഘട്ടം വിദൂരമല്ല. നാവ് സംസാരിക്കാൻ മാത്രമുള്ള അവയവമല്ല. സംസാരിക്കാതിരിക്കാൻ കൂടിയാണത്. മൗനം നിലപാടാക്കുന്ന തത്വശാസ്ത്രത്തിനാണ് ഒച്ചപ്പാടുകളുടെ വർത്തമാനത്തിൽ പ്രസക്തി. മിണ്ടുന്നലധികവും ചെയ്യാതിരിക്കുകയും ചെയ്യുന്നതിലധികവും മിണ്ടാതിരിക്കുകയും ചെയ്യുന്ന കാലത്ത് മൗനമാണ് നല്ലത്. സമ്മേളന വിവാദങ്ങൾ കത്തിനിൽക്കുന്ന ഒരു മത വിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിൽ ചിലർ സമയം കണ്ടെത്തുന്നത് എന്തിനാണെന്ന് എല്ലാവർക്കും മനസ്സിലാകുന്ന വസ്തുതയാണ്. ഒന്നുകൂടി പറഞ്ഞാൽ ചില വിഷയങ്ങളിൽ അന്തിമ വാക്ക് പറയാനും ഇടപെട്ടു നന്നാക്കാനും ഞാനാണ് കേമൻ എന്ന് തെറ്റിദ്ധരിക്കുന്ന ചില സുഹൃത്തുക്കളാണ് പ്രശ്നക്കാർ. സത്യത്തിൽ അവർ അതിൽ നിന്നും മാറി നിന്നിരുന്നുവെങ്കിൽ അതും അവരും കൂടുതൽ നന്നായിരുന്നേനെ. ഇത് ആക്ഷേപമായി കാണേണ്ടതില്ല. ആത്മവിചാരണയാണ്. തിരക്കുകളുടെ ലോകത്തായിരുന്ന നമ്മൾ ഇപ്പോൾ കുടുംബ ബന്ധങ്ങൾ പുലർത്താനും മറന്നു പോയവരെ ഓർക്കാനും സ്വയം വിചാരണ ചെയ്യാനും ഒരുപാട് സമയം കണ്ടെത്തിയിരിക്കുകയാണ് നമ്മൾ. അപ്പോൾ നമ്മുടെ കയ്യിലുണ്ടായിരുന്ന എല്ലാ ആയുധങ്ങളും നാം അറിയാതെ നിലത്ത് വീണു പോകും. ഒരുമ തന്നെയാണ് എന്നും പെരുമ. അഭിപ്രായങ്ങൾക്ക് പ്രസക്തിയുണ്ട് എന്ന് പൂർണ്ണ ബോധ്യമുള്ള സ്ഥലങ്ങളിൽ അഭിപ്രായങ്ങൾ പറയരുത് എന്ന് ഇതിന് അർഥമില്ല. ഇപ്പോൾ വാചാലരാവുന്നതിനേക്കാൾ നല്ലത് പ്രാർത്ഥനയും പ്രവർത്തനങ്ങളുമാണ്.

Comments
Post a Comment