ഹസനുബ്നു അല്ലിയ്ബ്നു ഇസ്ഹാഖ് അ ത്വൂസി

 ഹസനുബ്നു അല്ലിയ്ബ്നു ഇസ്ഹാഖ് അ ത്വൂസി


ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത പുരോഗതിയും വളർച്ചയും ഉയർച്ചയും സമ്മാനിച്ച രാജ്യതന്ത്രജ്ഞരിൽ പ്രമുഖനാണ് നിളാമുൽ മുൽക് എന്ന പേരിലറിയപ്പെടുന്ന ഹസനുബ്നു അലിയ്ബ്നു ഇസ്ഹാഖ് അത്വൂസി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ - സാമ്പത്തിക - സൈനിക പരിഷ്കാരങ്ങൾ ചരിത്രത്തിൽ ഇടം നേടിയതാണ്. നിളാമിയ മദ്രസ്സ വിദ്യാഭ്യാസ സംവിധാനത്തിൽ എന്നും അത്ഭുതാവാഹകവും പ്രഥമവുമായിരുന്നു.


നിളാമുൽ മുൽകിന്റെ ചെറുപ്പകാലം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു.  പക്ഷേ അദ്ദേഹം പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തെ മുന്നോട്ട് നയിച്ചു. പതിനൊന്നാം വയസ്സിൽ ഖുർആൻ മനപാഠമാക്കിയ അദ്ദേഹം ഹദീസിലും കർമ്മശാസ്ത്രത്തിലും വ്യാകരണശാസ്ത്രത്തിലും പ്രാവീണ്യം നേടി. പ്രായം ഇരുപത് എത്തിയപ്പോൾ അറബിയും ഫാരിസിയും ഒരു പോലെ സംസാരിക്കാൻ തുടങ്ങി. തുടർന്ന് അദ്ദേഹം ബൽഖിലെ സൽജൂഖി ഗവർണർ അലിബ്നു ശാസാന്റെ സെക്രട്ടറിയായി വർഷങ്ങളോളം ജോലി ചെയ്യുകയും മറ്റു ഭരണാധികരികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ശക്തിപ്പെടുത്തുകയും ചെയ്തു. 


അലബ് അർസലാന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നിളാമുൽ മുൽകിന്റെ പിന്നീടുള്ള ജൈത്രയാത്ര ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഭരണം ഏറ്റെടുത്ത ഉടനെ അനധികൃതമായി വാങ്ങുന്ന നികുതികൾ നിർത്തലാക്കുകയും അനീതിക്കും അക്രമങ്ങൾക്കും അറുതി വരുത്തുകയും ചെയ്തു. ഇമാം സുബ്കി അദ്ദേഹത്തിന്റെ ത്വബഖാത്തിൽ എഴുതുന്നു: "അബുൽ മആലി ഇമാമുൽ ഹറമൈനിയുടെ സാനിധ്യത്തിൽ ജനങ്ങൾക്ക് വേണ്ടി ഇരിക്കുകയായിരുന്നു നിളാമുൽ മുൽക്. പെട്ടെന്ന് അദ്ദേഹത്തിന്റെ മുമ്പിലേക്ക് ഒരു ആവശ്യക്കാരൻ എറിഞ്ഞ കടലാസ് കഷ്ണം മഷിക്കുപ്പിയിൽ വീഴുകയും അദ്ദേഹത്തിന്റെ വസ്ത്രത്തിലാകെ മഷിയാവുകയും ചെയ്തു. അദ്ദേഹം ദേഷ്യപ്പെട്ടില്ല.മറിച്ച്, ആ കടലാസ് കഷ്ണം എടുത്ത് പരാതി വായിച്ച് പരിഹാരം നടത്തിക്കൊടുത്തു". നേതൃ ഗുണത്തിന്റെ മർമമാണ് സഹനം. 


ഹശ്ശാശി തലവൻ ഹസനുബ്നു സബാഹ് , നിളാമുൽ മുൽക്, കവിയും ഗോളശാസ്ത്രജ്ഞനുമായ ഉമർ ഖയ്യാം തുടങ്ങിയവർ ഒന്നിച്ചു പഠിച്ചവരാണെന്നും, അന്ന് അവർ മൂന്ന് പേരിൽ ആര് ആദ്യം ഉന്നതിയിലെത്തുന്നുവോ അവർ മറ്റുള്ളവരെയും ഉന്നതിയിലെത്തിക്കും എന്ന് ധാരണയായിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. നിളാമുൽ മുൽക് മന്ത്രിയായതോടെ മറ്റു രണ്ടു പേർക്കും ഉയരാൻ വേണ്ട പൂർണ്ണ പിന്തുണ അദ്ദേഹം നൽകി. പക്ഷേ, ഹസനുബ്നു സബാഹ് പിന്നീട് ആശയ വ്യതിയാനം സംഭവിച്ച് നിളാമുൽ മുൽകിന്റെ കടുത്ത വിരോധിയാവുകയും, ഈ വിരോധം നിളാ മുൽ മുൽകിന്റെ മരണത്തിന് വരെ കാരണമാവുകയും ചെയ്തു. 

അദ്ദേഹത്തിന്റെ "നിളാമിയ മദ്രസ്സ" വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയ ഒന്നാണ്. പ്രശസ്ത ഗോള ശാസ്ത്രജ്ഞൻ ഉമറുൽ ഖയ്യാമിന് ബഗ്ദാദിൽ പ്രത്യേക വാനനിരീക്ഷണ കേന്ദ്രം തന്നെ അദ്ദേഹം പണിതു നൽകിയിരുന്നു. ദരിദ്രനായി വളർന്ന നിളാമുൽ മുൽക് നിശ്ചയധാർഢ്യം കൊണ്ട് ഉയർച്ചയുടെ പടവുകൾ താണ്ടി സഞ്ചരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾ സവർകലാശാല സംവിധാനത്തിലേക്കുള്ള ദൂരത്തെ ചുരുക്കി കൊണ്ടുവന്നു. 


      *ഒരു ഭരണകൂടം ഒരു വ്യക്തിയിലൂടെ നേട്ടം വരിക്കുന്നതും ആ വ്യക്തിയുടെ അവസാനത്തോടെ ഒരു ഭരണകൂടത്തിന്റെ ശവകല്ലറ കെട്ടിത്തുടങ്ങുന്നതും ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമാണ്!..*

Comments

Popular posts from this blog

CALICUT UNIVERSITY- SECOND LANGUAGE- ARABIC- FIRST SEMESTER NOTES

തുഹ്ഫത്തുൽ മുജാഹിദീൻ

അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.